Friday, July 16, 2010

കോട്ടയം പുഷ്പനാഥിന് പഠിക്കുന്ന എഡിറ്റര്‍മാര്‍

നേരത്തേ മനോരമ, മംഗളം ആഴ്ചപ്പതിപ്പുകള്‍ വായിക്കുന്ന കൂട്ടത്തിലായിരുന്നു ഞാന്‍. ചുമ്മാ ഒരു രസത്തിന്. അക്കാലത്ത് കോട്ടയം പുഷ്പനാഥ് എന്റെയൊരു ഹരമായിരുന്നു. കലക്കന്‍ അപസര്‍പ്പക കഥകളാണ് മൂപ്പരുടേത്. ലക്കും ലഗാനുമില്ലാത്ത ഭാവന. ഇതൊക്കെ ഇപ്പോള്‍ പറയാന്‍ കാരണമെന്തെന്നാവും. ഈയിടെയായി നമ്മുടെ മലയാളം പത്രങ്ങള്‍ എടുത്തു വായിച്ചാല്‍ അതിന്റെയൊക്കെ എഡിറ്റര്‍മാര്‍ കോട്ടയം പുഷ്പനാഥിന് പഠിക്കുകയാണെന്ന് തോന്നിപ്പോവും. ഒരു പക്ഷേ മൂപ്പര്‍ ഇവര്‍ക്കു മുന്നില്‍ തോറ്റു പോകത്തേയുള്ളു.
ഇതാ ചില സാംപിളുകള്‍
ഇന്നത്തെ(16-07-10) കേരള കൗമുദി പത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന വാര്‍ത്തയുടെ തലക്കെട്ട 'പോപുലര്‍ ഫ്രണ്ടിന് പോലിസ് ആസ്ഥാനത്തും ചാരന്‍മാര്‍' എന്നായിരുന്നു. ഞാന്‍ കരുതി കൊള്ളാമല്ലോ ഈ തീവ്രവാദികള്‍. പക്ഷേ അകത്തേക്കു വായിച്ചു ചെന്നപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ ഞാന്‍ ഇതികര്‍ത്തവ്യമൂഢനായി(കുന്തം വിഴുങ്ങിയ പോലെയായി എന്ന് മലയാളം). കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ മനോജ് എബ്രഹാമിന് അമേരിക്കയില്‍ നിന്ന് തീവ്രവാദ വിരുദ്ധ പരീശീലനം ലഭിച്ചു എന്ന വിവരം ഈ ഭീകരവാദികള്‍ക്ക് എങ്ങനെ കിട്ടി എന്നാണ് കെ എസ് സന്ദീപ് എന്ന ലേഖകന്‍ അന്തംവിടുന്നത്. പോലിസ് ആസ്ഥാനത്തുള്ള സര്‍വീസ് ബുക്കില്‍ നിന്നല്ലാതെ ഈ വിവരം പുറത്തു പോവില്ല, മുതിര്‍ന്ന പോലിസുദ്യോഗസ്ഥര്‍ക്ക് മാത്രമേ ഈ വിവരം അറിയാവൂ, അവരൊട്ട് പുറത്തു വിടുകയുമില്ല. പിന്നെ ഇതെങ്ങനെ സാധിച്ചെടുത്തു!!! ഇതാണ് ജൂനിയര്‍ പുഷ്പനാഥിന്റെ സംശയം. എന്റെ സന്ദീപേ ഇതൊക്കെ ലീഡ് വാര്‍ത്തയായി വച്ച് കാച്ചുന്നതിന് മുമ്പ് ഏതെങ്കിലും പോലിസുകാരനെ വിളിച്ച് ഒന്നു ചോദിച്ചൂടെ. വലിയ ചെലവൊന്നുമില്ലല്ലോ. അവര്‍ പറഞ്ഞു തരുമല്ലോ 10 രൂപ കൊടുത്ത് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാല്‍ ഏത് കോത്താഴത്തുകാരനും കിട്ടുന്ന വിവരങ്ങളാണ് അവയെന്ന്. അതെങ്ങനെ, വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തയെഴുതുന്ന പതിവ് ലൗ ജിഹാദ് അപസര്‍പ്പക കഥ തയ്യാറാക്കിയ കൗമുദിക്കാര്‍ക്ക് പണ്ടേയില്ലല്ലോ...
മനോജ് എബ്രഹാമിന് മാത്രമല്ല മൊത്തം 10 പേര്‍ക്ക് ഇന്ത്യയില്‍ നിന്ന് അമേരിക്കന്‍ പരിശീലനം കിട്ടി എന്നതിന്റെ വിവരങ്ങള്‍(ചോര്‍ത്തിയതല്ല കേട്ടോ) വിവരാവകാശനിയമപ്രകാരം കിട്ടിയത് താഴെയുണ്ട്. ഇനി വിവരാവകാശ കേന്ദ്രത്തിലും നുഴഞ്ഞു കയറി എന്ന് അടുത്ത ദിവസം വച്ച് കാച്ചുമോ എന്നാ എന്റെ പേടി.

അടുത്ത സാധനം കേരളത്തിലെ താലിബാന്‍ കോടതികളെക്കുറിച്ചാണ്. ഇക്കുറി കോട്ടയം പുഷ്പനാഥിന്റെ തട്ടകമായ മംഗളത്തിന്റെ വകയാണ്.
കേരളത്തില്‍ 14 താലിബാന്‍ കോടതികള്‍; ഡി.ഐ.ജി റാങ്കുകാരന്‍ നിരീക്ഷണത്തില്‍; ഹൈക്കോടതി മുന്‍ ജഡ്്ജി ഉപദേശകന്‍; തെറ്റു ചെയ്യാനുപയോഗിക്കുന്ന അവയവം ഛേദിക്കും....... ഇങ്ങനെ പോകുന്നു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.
സമാന്തര കോടതികള്‍ സ്ഥാപിച്ച് താലിബാന്‍ മാതൃകയില്‍ എതിരാളികളെ വകവരുത്താനാണത്രെ പോപുലര്‍ ഫ്രണ്ടിന്റെ നീക്കം(കോടതിയോടൊക്കെ ചോദിച്ച് സമയം കളയാതെ പെട്ടെന്നങ്ങ് വകവരുത്തിയാപ്പോരേ എന്ന മണ്ടന്‍ ചോദ്യങ്ങളൊന്നും ചോദിച്ചേക്കരുത്).
എവിടെയൊക്കെയാണ് കോടതികളുള്ളത് എന്നും സ്വന്തം ലേഖകന്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്. കാരണം ആര്‍ക്കെങ്കിലും തലയോ കാലോ ഒക്കെ വെട്ടണമെന്ന് തോന്നിയാല്‍ അന്വേഷിച്ച് ബുദ്ധിമുട്ടരുതല്ലോ. തിരുവനന്തപുരത്ത് സാധനം രണ്ടെണ്ണമുണ്ട്. എന്നാല്‍, മലപ്പുറത്തിനും കാസര്‍കോഡിനും കൂടി ഒന്നു മാത്രമേയുള്ളു. അതിന്റെ ന്യായം എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ഒരു ജഡ്്ജിയാണ് താലിബാന്‍ കോടതിയെന്ന ആശയത്തിനു പിന്നിലത്രെ. തെറ്റു ചെയ്യുന്ന അവയവം വെട്ടിയിങ്ങെടുക്ക് എന്ന് ഉത്തരവിടാന്‍ ഹൈക്കോടതി ജഡ്ജി എന്തിനാണാവോ!!!
പക്ഷേ രസം അതല്ല... ഇതൊക്കെ വായിച്ച് അന്തംവിട്ട് ഒരു സ്ഥിരീകരണത്തിന് വേണ്ടിയാണ് ഞാന്‍ ജൂനിയര്‍ പുഷ്്പനാഥ് കൗമുദിയെ സമീപിച്ചത്. പക്ഷേ എല്ലാ പ്രതീക്ഷകളും തെറ്റി. കൗമുദി പറയുന്നത് കേരളത്തില്‍ നാലേ നാല് കോടതികളേ ഉള്ളൂ എന്നാണ്. കൊല്ലം-കരുനാഗപ്പള്ളി, കോട്ടയം-ഈരാറ്റുപേട്ട(മംഗളംകാരന് ഇത് പൂഞ്ഞാറാണ്), കണ്ണൂര്‍, കോഴിക്കോട് മാറാട്(മംഗളം പറയുന്നത് ബേപ്പൂരെന്ന്) തുടങ്ങിയ സ്ഥലങ്ങളിലാണ് കോടതികള്‍. ദാറുല്‍ ഖുദാ എന്നാണത്രെ കോടതിയുടെ പേര്. നിര്‍ബന്ധ ബാധ്യത നിറവേറ്റല്‍ കേന്ദ്രം എന്ന് മലയാളത്തില്‍ അര്‍ഥവും കൊടുത്തിട്ടുണ്ട്. ഏത് ഭാഷയിലാണാവോ ഖുദാ എന്നത് നിര്‍ബന്ധ ബാധ്യത നിറവേറ്റല്‍ കേന്ദ്രമായത്!!!! കൗമുദിക്കാരന്റെ കോടതിയില്‍ ശിക്ഷയൊക്കെ കുറച്ച് ലഘുവാണ്. മംഗളം പറയുന്ന മാതിരി തെറ്റു ചെയ്ത അവയവം നേരിട്ട് വെട്ടിക്കളയുമെന്നൊന്നും പ്രഖ്യാപിക്കുന്നില്ല. തെറ്റ് ചെയ്യുന്നവരെ ശക്തമായി നേരിടും അത്രമാത്രം(ഹാവൂ ആശ്വാസം).
എന്ത് സാധനത്തെക്കുറിച്ചാണ് ഇവന്‍മാരൊക്കെ കഥയെഴുതുന്നത് എന്നന്വേഷിച്ച് പോയപ്പോഴാണ് ഞാന്‍ ചിരിച്ചു പോയത്. പേഴ്‌സണല്‍ ലോ ബോഡിന്റെ കീഴില്‍ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ദാറുല്‍ ഖദ(ശരിക്ക ഉച്ചാരണം ദ അല്ല, അറബിയിലുള്ള പ്രസ്തുത അക്ഷരം മലയാളത്തിലില്ലാത്തതിനാല്‍ തല്‍ക്കാലം ദ വച്ച് അഡ്്ജസ്റ്റ് ചെയ്യാം)യാണ് ഇവരുടെ താലിബാന്‍ കോടതി. വിവാഹ തര്‍ക്കം, സ്വത്ത തര്‍ക്കം പോലുള്ളവ കോടതിയിലേക്ക് വലിച്ചു നീട്ടി വര്‍ഷങ്ങള്‍ പാഴാക്കുന്നതിന് പകരം ഇരുവിഭാഗത്തോടും സംസാരിച്ച് രമ്യമായി പരിഹരിക്കുകയാണ് അതിന്റെ രീതി. കേരളത്തിലെ കടപ്പുറങ്ങളില്‍ കടല്‍ക്കോടതികളും ക്രിസ്ത്യാനികള്‍ക്കിടയില്‍ രൂപതാ കോടതികളും ഇതുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ഹിന്ദുമതസ്ഥര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹിന്ദു പാര്‍ലമെന്റ് എന്ന പേരില്‍ ഇങ്ങനെയൊരു സാധനം രൂപീകരിച്ചതായി ഈയിടെ പത്രത്തില്‍ വായിച്ചിരുന്നു. ദാറുല്‍ ഖദ ഈയിടെയാണ് കേരളത്തില്‍ കുറച്ച് സജീവമായത്. അത് രഹസ്യമൊന്നുമല്ല. പരസ്യമായി പത്രങ്ങളിലൂടെ അതിന്റെ ഭാരവാഹികളെയൊക്കെ പ്രഖ്യാപിച്ചതാണ്(കഥകളെഴുതുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഇടയ്‌ക്കൊക്കെ പത്രം വായിക്കണം).
വാല്‍ക്കഷണം: താലിബാന്‍ കോടതി എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒറിജിനല്‍ താലിബാന്‍കാര്‍ ചിരിക്കുന്നുണ്ടാവും. അമേരിക്കക്കാരന്‍ ടാങ്കും, ബോംബറുമൊക്കെയായി വരുമ്പോള്‍ ഏത് കോടതി, എന്ത് കോടതി. കിട്ടിയതെടുത്ത് തിരിച്ചടിക്കുകയല്ലാതെ ആ സമയത്ത് കോടതിയോട് ചോദിക്കാന്‍ പോയാല്‍ കഥയെന്താവും എന്ന് ഈ കഥയെഴുത്താകാരൊക്കെ ആലോചിക്കുന്നുണ്ടോ ആവോ.







11 comments:

  1. they dont have sense pls adjust with them these r exclusive

    ReplyDelete
  2. ACTUALLY THESE FOOLS ARE HUMILIATING THEIR OWN READERS.

    ReplyDelete
  3. ഈ കുഞ്ഞാടുകള്‍ ചെയ്യുന്നത് എന്താണെന്നു ഇവര്‍ അറിയുന്നില്ല. നമുകിവരോട് സഹതപിക്കാം... പാവങ്ങള്‍...........

    ReplyDelete
  4. ഭംഗിയായി അവതരിപ്പിച്ചു.....

    ReplyDelete
  5. ഇന്നത്തെ പത്രവാര്‍ത്ത
    ----------------
    അനാരോഗ്യകരമായ റിപ്പോര്‍ട്ടിംഗ്
    ആശങ്കാജനകം -പത്രപ്രവര്‍ത്തക യൂനിയന്‍
    പത്തനംതിട്ട: കേരളത്തിലെ മാധ്യമരംഗത്തെ അനാരോഗ്യകരമായ റിപ്പോര്‍ട്ടിംഗ് പ്രവണതകള്‍ വളരെ അധികം ആശങ്ക ഉണര്‍ത്തുന്നതാണെന്ന് പത്തനംതിട്ടയില്‍ ചേര്‍ന്ന പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
    വര്‍ഗീയ സംഘര്‍ഷങ്ങളും സ്ത്രീപീഡനങ്ങളും ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പ്രസ് കൗണ്‍സില്‍ തന്നെ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ മാധ്യമരംഗത്തെ അനാരോഗ്യകരമായ മത്സരത്തിന്റെ ഭാഗമായി സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും പ്രകോപനവും ഉണ്ടാക്കുന്ന വിധവും വരുംതലമുറയെ ക്രിമിനല്‍ കുറ്റങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും പ്രേരിപ്പിക്കുംവിധവും സമീപകാലത്തായി മാധ്യമ റിപ്പോര്‍ട്ടിംഗ് മാറുന്നുവെന്ന് പൊതുസമൂഹത്തിനിടയില്‍ ഗൗരവമേറിയ ആക്ഷേപമുണ്ട്. ആയതിനാല്‍ നമ്മുടെ സമൂഹത്തിന്റെ മത-സാമൂഹ്യ സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതും സദാചാരമൂല്യങ്ങള്‍ സംരക്ഷിക്കുംവിധവും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി മാധ്യമ സ്ഥാപനങ്ങളോടും മാധ്യമ പ്രവര്‍ത്തകരോടും ആവശ്യപ്പെട്ടു.
    തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന്റെ തുടര്‍ച്ചയായി സമീപ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പത്രസ്ഥാപനങ്ങള്‍ക്കും നേരെയുണ്ടായ കടന്നാക്രമണങ്ങളെ യോഗം അപലപിച്ചു.
    തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടിയ സംഭവം അത്യന്തം അപലപനീയമാണ്.
    ഇതേതുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണം പ്രതിഷേധാര്‍ഹവും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങള്‍ക്കും നേരെയുണ്ടായ വെല്ലുവിളിയായി യൂനിയന്‍ കാണുന്നു. ഇത്തരം സമീപനങ്ങള്‍ക്കെതിരെ പൊതുജനാഭിപ്രായം ഉയരണമെന്ന് യൂനിയന്‍ അഭ്യര്‍ഥിച്ചു.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. love jihad ennu paranjundakiyavar
    thanneyalle ithellam paranjundakkunath?

    chirekkan vayyaaaaaaaaaaaaaaa

    ReplyDelete
  8. please stop reading these cheap worthless papers .they do not have any attachment with truth .these are all fictions.

    ReplyDelete
  9. vivaram illarha koumthikkarannu enthu vivaravakasham?

    ReplyDelete
  10. വിവരം ഇല്ലാത്ത മംഗളം , കൌമുതി ,ഇവരോടൊന്നും വിവരാവകാശ നിയമത്തെ കുരിച്ചുപരന്നിട്ടു കാര്യം ഇല്ല

    ReplyDelete